2010, ജനുവരി 28, വ്യാഴാഴ്‌ച

പെണ്‍കരുത്തിനെ വെല്ലാനാവില്ല-യിവോണ്‍ റിഡ്ലി


സ്വഫാ നഗര്‍ (കുറ്റിപ്പുറം)ആത്മീയതയിലും ഭൌതികവ്യവഹാരങ്ങളിലും മുസ്ലിംസ്ത്രീകള്‍ അവരുടെ അനിഷേധ്യസാന്നിധ്യം തെളിയിച്ചുകൊണ്ടിരിക്കുകയാണെന്നും ഒരുമിച്ചാല്‍ ലോകത്ത് ഒരു ശക്തിക്കും തടയാന്‍ സാധിക്കാത്ത അതുല്യശക്തിയാണ് അവരെന്നും ലോകപ്രശസ്ത മാധ്യമപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ യിവോണ്‍ റിഡ്ലി അഭിപ്രായപ്പെട്ടു. കുറ്റിപ്പുറത്ത് കേരള വനിതാസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. സാമ്രാജ്യത്വവും സയണിസവും തീര്‍ക്കുന്ന പുതിയ നവലോകക്രമം ആഗോളഭീഷണിയായി മാറിയിരിക്കുകയാണെന്നും അതിനെ തിരിച്ചറിഞ്ഞ് ചെറുത്തുതോല്‍പിക്കാനുള്ള ശക്തിയാര്‍ജിക്കുന്നതിലൂടെ മാത്രമേ ലോകത്തിന്റെ നിലനില്‍പു ഭദ്രമായിരിക്കുകയേയുള്ളൂ. കാലഘട്ടത്തിന്റെ വെല്ലുവിളികളെ തിരിച്ചറിയാന്‍ സ്ത്രീകള്‍ മുന്നിട്ടിറങ്ങണം. അവരുടെ ശൈഥില്യം സാമൂഹികപുരോഗതിയെ പിറകോട്ടടിപ്പിക്കും-വിസ നിഷേധിച്ചതിനെത്തുടര്‍ന്ന് ലണ്ടനില്‍നിന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്ത റിഡ്ലി അഭിപ്രായപ്പെട്ടു.

ഫലസ്തീനിലേക്കുള്ള ഗാസാമാര്‍ച്ചില്‍ സ്ത്രീകളടക്കം നൂറുകണക്കിനാളുകള്‍ പങ്കുകൊണ്ടിരുന്ന കാര്യം മാര്‍ച്ചിന്റെ മുന്നണിപ്രവര്‍ത്തകയായിരുന്ന റിഡ്ലി അനുസ്മരിച്ചു. സാമ്രാജ്യത്വത്തിനെതിരെ പോരാടിയ ഗാന്ധിയുടെ സ്മൃതിയില്‍ ആകൃഷ്ടരായാണ് അവര്‍ എത്തിയത്്. ഗാസയിലെ അധിനിവേശസേനക്കെതിരെ അഹിംസയിലൂന്നിയ ഗാന്ധിയന്‍ സമരമാതൃകയാണ് ഞങ്ങള്‍ കാഴ്ചവെച്ചത്. അതേ ഗാന്ധിയുടെ നാട്ടില്‍ തനിക്ക് പ്രവേശനം നിഷേധിച്ചത് ദുരൂഹവും അപലപനീയവുമാണ്-റിഡ്ലി പറഞ്ഞു. ഇസ്ലാമിലേക്ക് വരുന്നതിനുമുമ്പും മാധ്യമപ്രവര്‍ത്തകയെന്ന നിലയിലും പൌരാവകാശപ്രവര്‍ത്തക എന്ന നിലയിലും ഞാന്‍ ഫലസ്തീന്‍പ്രശ്നം കവര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ വേഷം സ്വീകരിച്ച ശേഷം എന്നെ മതമൌലികവാദിയായി മുദ്രകുത്തുന്നത് അപഹാസ്യമായിരിക്കുന്നുവെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ